ദോഹ: ഖത്തറില്‍ പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ തള്ളിയാല്‍ കാത്തിരിക്കുന്നത് കനത്ത പിഴ. 10,000 റിയാല്‍ വരെയാണ് പിഴ ചുമത്തുക. പൊതു ഇടങ്ങളില്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് 25,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പൊതു ഇടങ്ങളിലോ നിരത്തുകളിലോ പാര്‍ക്കിങ് കേന്ദ്രങ്ങളിലോ വാഹനങ്ങള്‍ ഉപേക്ഷിച്ച് പോയാല്‍ നിങ്ങളെ കാത്തിരിക്കുന്നത് കനത്ത പിഴയാണ്. പൊതുശുചിത്വ നിയമത്തിന്റെ ഭാഗമായി 25,000 ഖത്തര്‍ റിയാല്‍ അഥവാ അഞ്ചര ലക്ഷം രൂപയിലേറെയാണ് പിഴ. ദീര്‍ഘകാലം പൊതു സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോയാല്‍ പിടിവീഴുമെന്നര്‍ഥം.
പൊതുഇടങ്ങളില്‍ മാലിന്യം തള്ളിയാലും കീശകാലിയാകും. 10,000 റിയാലാണ് പിഴ. റോഡുകളും സ്ട്രീറ്റുകളിലുമെല്ലാം മാലിന്യം തള്ളിയാല്‍ സമാന ശിക്ഷയുണ്ട്. ഇതോടൊപ്പം തന്നെ പൊളിഞ്ഞുവീണ മതിലുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിവയ്ക്കും വന്‍ പിഴ ചുമത്തുമെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെ മുന്നറിയിപ്പ് നല്‍കി.