ദോഹ: മൂന്ന് രാജ്യങ്ങളിലായി അടുത്ത വർഷം നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് സുരക്ഷയൊരുക്കാൻ ഖത്തറും. ഇതു സംബന്ധിച്ച കരട് ധാരണാപത്രത്തിന് മന്ത്രിസഭ അംഗീകാരം നൽകി. അമേരിക്ക, മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലായാണ് അടുത്ത വർഷം ലോകകപ്പ് ഫുട്‌ബോൾ നടക്കുന്നത്.
സ്വന്തം മണ്ണിൽ ലോകകപ്പിന് ഒരുക്കിയ കുറ്റമറ്റ സുരക്ഷയുടെ പാഠങ്ങൾ ആതിഥേയ രാജ്യങ്ങൾക്ക് കൈമാറാനൊരുങ്ങുകയാണ് ഖത്തർ. സുരക്ഷാ സഹകരണം സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയവും അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും തമ്മിൽ തയ്യാറാക്കിയ കരട് ധാരണാ പത്രത്തിന് കഴിഞ്ഞ ദിവസം ചേർന്ന ഖത്തർ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്‌വിയയും യു.എസിന്റെ സുരക്ഷാ ഏജൻസിയായ എഫ്.ബി.ഐയും ചേർന്ന് സുരക്ഷാ മേഖലയിൽ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചാണ് നിർദേശം. ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.
ലോകകപ്പിനു പിന്നാലെ വിവിധ അന്താരാഷ്ട്ര മേളകളിൽ ഖത്തറിന്റെ സുരക്ഷാ പങ്കാളിത്തമുണ്ടായിരുന്നു. 2024 പാരീസ് ഒളിമ്പിക്‌സിലും ഇതേ വേദിയിൽ നടന്ന പാരാലിമ്പിക്‌സിലും ഖത്തറിന്റെ സുരക്ഷാ വിഭാഗങ്ങൾ സജീവ പങ്കാളിത്തം വഹിച്ചു.



