തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പ്രിൻസിപ്പൽമാരായി നിയമിക്കേണ്ട 43 പേരുടെ പിഎസ്‍സി അംഗീകരിച്ച പട്ടിക കോളജ് വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ചപ്പോൾ അതിനെ കരടു പട്ടികയായി പരിഗണിച്ചാൽ മതിയെന്നു നിർദേശിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ആണെന്നു വിവരാവകാശ രേഖ. ഈ പട്ടികയിൽനിന്നു തഴയപ്പെട്ടവരെ കൂടി ഉൾപ്പെടുത്തുന്നതിന് അപ്പീൽ കമ്മിറ്റിയെ നിയോഗിക്കുന്നതിനു വേണ്ടിയായിരുന്നു മന്ത്രിയുടെ ഇടപെടൽ. ഇതു കേസിൽ കുടുങ്ങുക കൂടി ചെയ്തതോടെ, വർഷങ്ങളായി പ്രിൻസിപ്പൽമാരില്ലാത്ത സംസ്ഥാനത്തെ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നിയമനം പിന്നെയും വൈകുകയാണ്.
2022 മാർച്ച് രണ്ടിനു സർക്കാർ ഇറക്കിയ ഉത്തരവനുസരിച്ച് പ്രിൻസിപ്പൽ നിയമനത്തിനു യോഗ്യതയുള്ളവരുടെ പട്ടിക തയാറാക്കാൻ സിലക്‌ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. 110 പേർ അപേക്ഷിച്ചെങ്കിലും യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചു യോഗ്യതയുള്ള 43 പേരെയാണു കമ്മിറ്റി തിരഞ്ഞെടുത്തത്. ഇതിനു പിഎസ്‍സി അംഗം അധ്യക്ഷനായ വകുപ്പുതല പ്രമോഷൻ കമ്മിറ്റി അംഗീകാരം നൽകി. അതിനുശേഷം നിയമനം നൽകുന്നതിനായി ഇതു സർക്കാരിനു സമർപ്പിച്ചു. തുടർന്നാണു മന്ത്രി ഇടപെട്ടത്.
തിരഞ്ഞെടുപ്പു നടപടികളുടെ പൂർണ ഫയൽ ഹാജരാക്കാൻ മന്ത്രി നിർദേശിച്ചു. നിലവിലുള്ള പട്ടികയെ കരടു പട്ടികയായി കണക്കാക്കാനും അപ്പീൽ കമ്മിറ്റി രൂപീകരിക്കാനും 2022 നവംബർ 12നു മന്ത്രി ഇ – ഫയലിൽ നിർദേശിച്ചു. സിലക്‌ഷൻ കമ്മിറ്റി തയാറാക്കുന്ന പട്ടികയെ കരടുപട്ടികയാക്കി മാറ്റാൻ യുജിസി ചട്ടങ്ങൾ അനുസരിച്ചു വ്യവസ്ഥയില്ല. എന്നാൽ, മന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് അന്തിമപട്ടികയെ കരടു പട്ടികയാക്കി കോളജ് വിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ജനുവരി 11നു പ്രസിദ്ധീകരിച്ചു.