പി പി ചെറിയാൻ
ന്യൂയോർക്ക്: അമേരിക്കൻ സന്ദർശനത്തിനു തയാറെടുക്കുന്ന രാഹുൽ ഗാന്ധിക്കു പാസ്പോർട്ട് തടസ്സമാകുമോ എന്ന ആശങ്കക് വിരാമമായി. മൂന്ന് വർഷത്തേക്ക് പാസ്പോർട്ട് ലഭിക്കാൻ രാഹുൽ ഗാന്ധി കോടതിയിൽ നിന്ന് എൻഒസി നേടി. ലോക്സഭാംഗത്വം നഷ്ടപ്പെട്ടതിനു ശേഷം ഡിപ്ലോമാറ്റിക് പാസ്പോർട്ട് സറണ്ടർ ചെയ്യേണ്ടി വന്നതിനെ തുടർന്ന് പുതിയ പാസ്പോർട്ട് അനുവദിക്കുന്നതിന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഡൽഹി കോടതി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകി. 10 ദിവസത്തെ സന്ദർശനത്തിനായി മെയ് 31നാണ് രാഹുൽ ഗാന്ധി അമേരിക്കയിലെത്തുന്നത്.
പുതിയ പാസ്പോർട്ട് അനുവദിക്കുന്നതിനായി ചൊവ്വാഴ്ചയാണ് രാഹുൽ ഡൽഹി റോസ് അവന്യൂ കോടതിയെ സമീപിച്ചത്. 2015ൽ നാഷണൽ ഹെറാൾഡ് കേസിൽ തനിക്ക് ജാമ്യം ലഭിച്ചപ്പോൾ യാത്രാ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.