Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസര്‍ക്കാര്‍ മാറിയാൽ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ നടപടി'; ഐ.ടി നടപടിയിൽ രാഹുൽ

സര്‍ക്കാര്‍ മാറിയാൽ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ നടപടി’; ഐ.ടി നടപടിയിൽ രാഹുൽ

ദില്ലി : പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികൾക്കെതിരായ ആദായ നികുതി വകുപ്പിന്റെ  നടപടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ മാറിയാൽ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് രാഹുൽ വ്യക്തമാക്കി.  ഇനി ഇത്തരം പ്രവ‍ര്‍ത്തികൾ ചെയ്യാൻ ആരും ധൈര്യപ്പെടാത്ത നടപടിയായിരിക്കും സ്വീകരിക്കുക. ഇത് തന്റെ ഗ്യാരണ്ടിയാണെന്നും രാഹുൽ വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ബിജെപി സ‍ര്‍ക്കാര്‍ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് രാഹുൽ അടക്കം ഉന്നയിക്കുന്നത്.  ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ  ഇഡി അറസ്റ്റിന് പിന്നാലെയാണ് ആദായ നികുതി വകുപ്പും നടപടിയുമായി മുന്നോട്ട് പോകുന്നത്. കോൺഗ്രസ്, സിപിഐ, തൃണമൂൽ കോൺഗ്രസ് അടക്കം പാര്‍ട്ടികൾക്കാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. പിഴയും പലിശയുമടക്കം 1700 കോടി രൂപ അടക്കണമെന്നാണ് കോൺഗ്രസിന് ലഭിച്ച പുതിയ നോട്ടീസ്. 11 കോടി അടക്കണമെന്നാണ് സിപിഐക്ക് ലഭിച്ച നി‍ര്‍ദ്ദേശം. 

ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രതിസന്ധിയിലായി നില്‍ക്കുന്ന കോണ്‍ഗ്രസിന് അടുത്ത ആഘാതമായി ആദായ നികുതി വകുപ്പിന്‍റെ പുതിയ നോട്ടീസ്. 2017- 18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കം 1700 കോടി രൂപയുടെ നോട്ടീസാണ് ആദായ നികുതി വകുപ്പ് ഇന്നലെ വൈകുന്നേരം നല്‍കിയിരിക്കുന്നത്. ഇതേ കാലയളവിലെ നികുതി പുനര്‍ നിര്‍ണ്ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്‍റെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി.

2014-15, 2016-17 സാമ്പത്തിക വര്‍ഷത്തെ നികുതി പുനര്‍ നിര്‍ണ്ണയത്തിനെതിരെയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 2018-19 വര്‍ഷത്തെ നികുതി കുടിശികയായി കോണ്‍ഗ്രസിന്‍റെ അക്കൗണ്ടില്‍ നിന്ന് 135 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.  കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നികുതി പുനര്‍ നിര്‍ണ്ണയത്തിനുള്ള കാലാവധി വരുന്ന ഞായറാഴ്ച അവസാനിക്കും. അനുബന്ധ രേഖകളോ കൂടുതല്‍ വിശദാംശങ്ങളോ നല്‍കാതെയാണ് പുതിയ നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹൈക്കോടതിയിലെ നിയമപോരാട്ടം പരാജയപ്പെട്ടതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. ആദായ നികുതി വകുപ്പ് അപ്ലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും വകുപ്പിന്‍റെ നടപടികള്‍ ശരി വയ്ക്കുകയായിരുന്നു. അതേ സമയം ആദായ നികുതി വകുപ്പ് റിട്ടേണുകള്‍ സമര്‍പ്പിക്കാത്തിനാലും, സംഭാവന വിവരങ്ങള്‍ മറച്ചു വച്ചതുകൊണ്ടുമാണ് ഭീമമായ പിഴ ഈടാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments