ഗുവാഹത്തി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിൽ. എട്ട് ദിവസമാണ് അസമിലെ യാത്ര. രാഹുൽ ഗാന്ധി ഉൾപ്പെടെ രാത്രി താമസിക്കുന്ന കണ്ടെയ്നറുകൾ പാർക്ക് ചെയ്യാൻ സർക്കാർ സ്ഥലം അനുവദിക്കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
833 കിലോമീറ്റർ സഞ്ചരിച്ച് 17 ജില്ലകളിലൂടെയാണ് അസമിലെ യാത്ര. രാവിലെ നാഗാലാൻഡ്-അസം അതിർത്തിയിൽനിന്ന് യാത്ര ആരംഭിക്കും. വിവിധ ഇടങ്ങളിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. മണിപ്പൂരിലും നാഗാലാൻഡിലും ലഭിച്ച ജനപിന്തുണയും സ്വീകാര്യതയും അസമിലും ലഭിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
അസമിലെ വിവിധ പ്രശ്നങ്ങളും യാത്രയിൽ ഉയർത്തും. ജോർഹട്ടിൽ യാത്രയുടെ കണ്ടെയ്‌നറുകൾ പാർക്ക് ചെയ്യാൻ അനുമതി നൽകാതിരുന്നതും മജൂലി ദ്വീപിലേക്ക് യാത്ര ചെയ്യാൻ ജങ്കാർ അനുവദിക്കാതിരുന്നതും യാത്ര തടസ്സപ്പെടുത്താനാണെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ആരോപിച്ചിരുന്നു. യാത്രയിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും കടന്നാക്രമിച്ചാണ് രാഹുൽ കടന്നുപോകുന്നത്.