ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാൻ ശ്രമിക്കുന്നവരും അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഡിലെ ബസ്തർ ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോത്രവർഗക്കാരിയായതിനാൽ അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠയിൽ പങ്കെടുക്കുന്നതിൽ നിന്ന് രാഷ്ട്രപതി ദ്രൗപതി മുർമു തടഞ്ഞുവെന്നും ഇത് ബി.ജെ.പിയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്നും രാഹുൽ ആരോപിച്ചു.
“മോദി ആദിവാസി എന്ന് പദത്തെ മാറ്റാൻ നോക്കുകയാണ്. എല്ലാവരും ആദിവാസി എന്ന പദം ഉപയോഗിക്കുമ്പോൾ അവർ വനവാസി എന്നാണ് പറയുന്നത്. ആദിവാസിയും വനവാസിയും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. ‘ആദിവാസി’ എന്ന വാക്കിന് ആഴത്തിലുള്ള അർഥമുണ്ട്. ജലം, വനം, ഭൂമി എന്നിവയിൽ നിങ്ങളുടെ അവകാശങ്ങൾ ഈ വാക്ക് പ്രകടിപ്പിക്കുന്നു. വനവാസി എന്നാൽ കാട്ടിൽ ജീവിക്കുന്നവർ എന്നാണ്. ബി.ജെ.പിയും ആർ.എസ്.എസും ആദിവാസികളുടെ മതത്തെയും പ്രത്യയശാസ്ത്രത്തെയും ചരിത്രത്തെയും ആക്രമിക്കുകയാണ്. ബി.ജെ.പി നിങ്ങളുടെ ഭൂമി കോടീശ്വരന്മാർക്ക് നൽകുകയാണ്”-രാഹുൽ ഗാന്ധി പറഞ്ഞു.
ഒഴിവുള്ള 30 ലക്ഷം സർക്കാർ തസ്തികകളിലേക്ക് റിക്രൂട്ട്മെൾ നടത്തുകയും അധികാരത്തിൽ വന്നാൽ യുവാക്കൾക്കായി അപ്രന്‍റീസ്ഷിപ്പ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഭരണത്തിൽ 22 വ്യവസായികൾ 70 കോടി ഇന്ത്യക്കാരുടെ സ്വത്തിന് തുല്യമായ സ്വത്ത് സമ്പാദിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു.