ന്യൂഡൽഹി: വയനാടിനോടും റായ്ബറേലിയോടും തനിക്ക് ഒരേപോലെ വൈകാരിക അടുപ്പമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ റായ്ബറേലി നിലനിർത്തുമെന്നും പ്രിയങ്കാ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്നുമുള്ള കോൺഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വയനാട്ടിലെ ജനങ്ങൾ എനിക്ക് നൽകിയ സ്നേഹവും പിന്തുണയും ചെറുതല്ല. ബുദ്ധിമുട്ടേറിയ സമയത്തും എനിക്ക് പോരാടാനുള്ള ഊർജം നൽകിയതവരാണ്. പ്രിയങ്കയാവും വയനാട്ടിൽ നിന്ന് മത്സരിക്കുന്നതെങ്കിലും പ്രിയങ്കയ്ക്കൊപ്പം ഞാനും വയനാട്ടിലുണ്ടാകും. വയനാടുകാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും. റായ്ബറേലിയുമായി എനിക്ക് വർഷങ്ങളായുള്ള ബന്ധമാണ്. അവരെ പ്രതിനിധീകരിക്കുന്നതിൽ വളരെ സന്തോഷവമുണ്ട്. പക്ഷേ വയനാട് ഒഴിയുക എന്നത് നിസാരമായ കാര്യമായിരുന്നില്ല. വയനാട്ടിലെ ജനങ്ങൾ എന്നും എന്നോടൊപ്പമുണ്ടായിരുന്നു. അവർക്ക് വേണ്ടി ഞാനും എന്നുമുണ്ടാവും.
പ്രിയങ്ക വയനാടുകാർക്ക് ഒരു മികച്ച പ്രതിനിധിയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. പ്രിയങ്ക വയനാട്ടിൽ നിന്ന് ജയിക്കുമെന്ന് പ്രതീക്ഷയുമുണ്ട്. ഇങ്ങനെ ചിന്തിച്ചാൽ മതി- വയനാടിന് ഇന്ന് മുതൽ രണ്ട് എംപിയുണ്ടാവും. ഒന്ന് ഞാനും ഒന്ന് പ്രിയങ്കയും. വയനാടുകാർക്കായി ഞാനെന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കും. വയനാട്ടിലെ ഓരോ വ്യക്തിയോടും സ്നേഹം മാത്രം”. രാഹുൽ പറഞ്ഞു.