ന്യൂ ഡൽഹി: ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി.സംഭവത്തിൽ അതീവ ദു:ഖം രേഖപ്പെടുത്തിയ രാഹുൽ ഒരു മാസത്തിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തുറന്നടിച്ചു. പൊള്ളയായ പ്രസംഗങ്ങളിൽ നിന്നും വ്യാജ വാഗ്ദാനങ്ങളിൽ നിന്നുമല്ല, ശക്തമായ നടപടികളാണ് പരിഹാരമെന്നും രാഹുൽ പറഞ്ഞു.
കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. ഏറ്റുമട്ടലിൽ ആദ്യം 4 സൈനികർ വീരമൃത്യു വരിച്ചു. പരിക്കേറ്റ ഒരു സൈനികൻ രാത്രിയോടെ മരണപ്പെട്ടു. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റതായാണ് സൈനിക വൃത്തങ്ങൾ അറിയിച്ചത്.