ഹരിയാനയിലെ തോല്‍വിക്ക് പിന്നാലെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് നേരിടാന്‍ വന്‍ പടയൊരുക്കവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി ഈ മാസം അവസാനം പ്രചാരണ റാലിക്ക് തുടക്കമിടും. എല്ലാ മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന റാലി പല ഘട്ടങ്ങളായാകും നടത്തുക.
ഹരിയാന നഷ്ടപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലും വട്ടപ്പൂജ്യമായി. പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് നേരത്തെ കളത്തിലിറങ്ങുകയാണ് കോണ്‍ഗ്രസ്. താഴെ തട്ട് തൊട്ട് പാര്‍ട്ടിയെ ഊര്‍ജ്വസ്വല മാക്കുകയാണ് ലക്ഷ്യം. ഈ മാസം 23ന് ന്യായ് യാത്ര എന്ന പേരില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ റാലി ആരംഭിക്കാനാണ് ആലോചന. ആദ്യ ദിനത്തില്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രിയങ്ക ഗാന്ധിയും മുതിര്‍ന്ന നേതാക്കളും റാലിയെ അഭിസംബോധന ചെയ്യും. ഉത്സവങ്ങളും ആഘോഷങ്ങളും വരുന്നതിനാല്‍ 4 ഘട്ടമായിട്ടാണ് യാത്രനടത്തുക.
ആദ്യ യാത്ര 28ന് അവസാനിക്കും . നവംബര്‍ 4 മുതല്‍ 10 വരെ രണ്ടാം ഘട്ടവും നവംബര്‍ 12 മുതല്‍ 18 വരെ മൂന്നാം ഘട്ടവും നവംബര്‍ 20 മുതല്‍ 28 വരെ നാലാം ഘട്ടവും നടത്തും. പാര്‍ട്ടി നിലപാടുകളും വാഗ്ദാനങ്ങളും എളുപ്പത്തില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ എക്സിബിഷനുകളും നടത്തും. സഖ്യമില്ലെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയതിനാല്‍ എഎപിയെയും ബിജെപിയെയും ഒരു പോലെ കടന്നാക്രമിച്ചാകും പ്രചാരണം. മദ്യനയ അഴിമതി, വികസനം, ബിജെപി എംപിമാരുടെ പരാജയങ്ങള്‍, ഷീല ദീക്ഷിത് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തുടങ്ങിയവ യാത്രയില്‍ ഉയര്‍ത്തും.