ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടര്‍പട്ടിക പുറത്തുവിടുമെന്ന മാധ്യമ റിപ്പോര്‍ട്ട് സ്വാഗതം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പട്ടിക എന്ന് കൈമാറുമെന്ന് കൂടി വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മഹാരാഷ്ട്ര വോട്ടര്‍പട്ടിക ക്രമക്കേട് വീണ്ടും ആരോപിച്ചതിന് പിന്നാലെ രാഹുലും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.
കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന മാനിച്ച് മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും 2009 മുതലുള്ള വോട്ടര്‍ പട്ടിക പുറത്തുവിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ ഇതിനുള്ള അനുമതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാര്‍ത്ത എക്‌സില്‍ പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
നേരത്തേ ‘ദി ഇന്ത്യന്‍ എക്സ്പ്രസി’ല്‍ എഴുതിയ ലേഖനത്തിലായിരുന്നു മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഒത്തുകളി നടന്നിരുന്നുവെന്ന ആരോപണം രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനുള്ള പാനല്‍ അട്ടിമറിച്ചു എന്നതടക്കമുള്ള ഗുരുതര ആരോപണമായിരുന്നു രാഹുല്‍ ഉന്നയിച്ചത്. വ്യാജ വോട്ടര്‍മാരെ ഉപയോഗിച്ച് വോട്ടര്‍ പട്ടിക പെരുപ്പിച്ചുവെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ലേഖനം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ പ്രതികരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.



