ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്കെതിരായ നടപടിയിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിയ്ക്കാൻ കോൺഗ്രസ്. കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിൽ ഇന്ന് കറുത്ത വസ്ത്രം ധരിച്ചെത്തും. അയോഗ്യനാക്കിയ നടപടിയ്ക്ക് എതിരെ അപ്പീൽ സമർപ്പിയ്ക്കാനും തീരുമാനമായിട്ടുണ്ട്. നിയമവിദഗ്ധരുമായി കോൺഗ്രസ് അദ്ധ്യക്ഷൻ ഇന്ന് ചർച്ച നടത്തും. ഈ ആഴ്ച തന്നെ അപ്പീൽ നൽകാനാണ് തീരുമാനം.
രാഹുൽ ഗാന്ധിയുടെ അയോഗ്യത വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും. ഇരുസഭകളിലും വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് കോൺഗ്രസ് തിരുമാനം. മറ്റ് നടപടികൾ ഉപേക്ഷിച്ച് വിഷയം സഭ ചർച്ച ചെയ്യണമെന്ന ആവശ്യമാവും കോൺഗ്രസ് ഉന്നയിക്കുക. അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നൽകിയില്ലെങ്കിൽ സഭ പ്രക്ഷുബ്ദമാകുന്ന വിധത്തിൽ പ്രതിഷേധിയ്ക്കാനാണ് കോൺഗ്രസ് തീരുമാനം. ഇന്ന് രാവിലെ കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം പാർലമെന്റിനകത്തെയും പുറത്തെയും സമരപരിപാടികൾക്ക് അന്തിമ രൂപം നല്കും. ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിയ്ക്കാൻ കോൺഗ്രസ് തിരുമാനിച്ചിട്ടുണ്ട്. അതേസമയം, രാഹുൽ ഗാന്ധിയ്ക്ക് എതിരായ അയോഗ്യത വിഷയത്തിൽ സ്പീക്കർ ഇന്ന് ലോകസഭയിൽ നിലപാട് പ്രസ്താവനയായി വ്യക്തമാക്കിയേക്കും.