അച്ഛന്റെ മരണശേഷം താൻ ആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും തിരിച്ചുവരാൻ മാനസിക പിന്തുണ തന്ന് കൂടെ നിന്നത് രാഹുൽ ഗാന്ധിയാണെന്ന് കന്നഡ നടിയും മുൻ എംപിയുമായ ദിവ്യ സ്പന്ദന. വീക്കെൻഡ് വിത്ത് രമേഷ് സീസൺ 5 ൽ ആയിരുന്നു രമ്യ മനസ് തുറന്നത്.തന്റെ ജീവിതത്തിലെ വളരെ പ്രയാസകരമായ സമയത്തെക്കുറിച്ച് നടി പറഞ്ഞു. ”എന്റെ പിതാവിനെ നഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ഞാൻ പാർലമെന്റിലായിരുന്നു. പാർലമെന്റ് നടപടികളെക്കുറിച്ച് പോലും എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്നാൽ ഞാൻ എല്ലാം പഠിച്ചു, ജോലിയിൽ മുഴുകിയപ്പോൾ എന്റെ സങ്കടം കുറഞ്ഞു. മാണ്ഡ്യയിലെ ജനങ്ങളാണ് എനിക്ക് ആ ആത്മവിശ്വാസം തന്നത്.- രമ്യ പറഞ്ഞു.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം എന്റെ അമ്മയാണ്, അടുത്തത് എന്റെ അച്ഛനും മൂന്നാമത്തേത് രാഹുൽ ഗാന്ധിയുമാണ്. അച്ഛനെ നഷ്ടപ്പെട്ടപ്പോൾ ഞാൻ ആകെ തളർന്നു. എന്റെ ജീവിതം അവസാനിപ്പിക്കാൻ ഞാൻ ആലോചിച്ചു. തീർത്തും ഒറ്റപ്പെട്ടു തിരഞ്ഞെടുപ്പിൽ ഞാനും തോറ്റിരുന്നു. സങ്കടത്തിന്റെ ഒരു കാലഘട്ടമായിരുന്നു അത്. ആ സമയത്ത് രാഹുൽ ഗാന്ധി എന്നെ സഹായിക്കുകയും വൈകാരികമായി പിന്തുണയ്ക്കുകയും ചെയ്തു.