ന്യൂഡൽഹി : സൂറത്ത് മജിസ്ട്രേട്ട് കോടതി ഉത്തരവ് വന്ന് ഒരാഴ്ച തികഞ്ഞിട്ടും സെഷൻസ് കോടതിയിൽ അപ്പീൽ നൽകാത്തത്, തിരക്കു കൂട്ടേണ്ടെന്ന രാഹുൽ ഗാന്ധിയുടെ നിർദേശം കണക്കിലെടുത്ത്. 2 വർഷത്തേക്കു ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ വേണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകേണ്ടതില്ലെന്നും ജയിലിൽ പോകാൻ തയാറാണെന്നുമാണ് ഏതാനും ദിവസം മുൻപു വരെ രാഹുൽ നേതൃത്വത്തെ അറിയിച്ചിരുന്നത്.
അപ്പീൽ നൽകുന്നതിനു കോടതി അനുവദിച്ച 30 ദിവസത്തെ സാവകാശം വേണ്ടെന്നും നേരെ ജയിലിലേക്കു പോകാമെന്നും ചർച്ചകളിൽ രാഹുൽ നിലപാടെടുത്തു. പൂർവികരായ ജവാഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും ജയിലിൽ പോയവരാണെന്നും അതേ മാർഗം സ്വീകരിക്കാൻ മടിയില്ലെന്നും വ്യക്തമാക്കി.
അത്തരമൊരു നീക്കം രാജ്യത്തുടനീളം അനുകൂലവികാരം സൃഷ്ടിക്കാൻ സഹായിക്കുമെന്നു നേതൃത്വം കണക്കുകൂട്ടിയെങ്കിലും കടുത്ത മാർഗം തൽക്കാലം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നേതൃത്വത്തിന്റെ തീരുമാനം കണക്കിലെടുത്ത് അപ്പീൽ നൽകാൻ രാഹുൽ സമ്മതിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, അയോഗ്യനാക്കിയ നടപടിക്കു പിന്നാലെയുണ്ടായ പ്രതിഷേധവും പ്രതിപക്ഷ ഐക്യവും കേന്ദ്ര സർക്കാരിനു രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നു വിലയിരുത്തുന്ന രാഹുൽ, ധൃതിപിടിച്ച് അപ്പീൽ നൽകേണ്ടതില്ലെന്നും നിർദേശിച്ചിട്ടുണ്ട്. ഒറ്റക്കെട്ടായുള്ള പ്രതിഷേധങ്ങളിലൂടെ പ്രതിപക്ഷ ഐക്യം ബലപ്പെടുത്തുകയാണു ലക്ഷ്യം. വൈകിയാണെങ്കിലും രാഹുലിന്റെ അനുമതി ലഭിച്ചതോടെ, അപ്പീൽ നൽകുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.