ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി ജാമ്യം നീട്ടി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. സത്യമാണ് തന്റെ ആയുധമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇത് മിത്രങ്ങളില്‍ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പോരാട്ടത്തില്‍ സത്യമാണ് തന്റെ ആയുധമെന്നും സത്യമാണ് തന്റെ അഭയമെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.
‘മിത്രങ്ങളില്‍ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണ് ഇത്. ഈ പോരാട്ടത്തില്‍ സത്യമാണ് എന്റെ ആയുധം. സത്യമാണ് എന്റെ അഭയം’, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കുത്തക മുതലാളിമാരുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ സൗഹൃദത്തെ സൂചിപ്പിക്കാനാണ് മിത്രങ്ങള്‍ എന്ന വിശേഷണം രാഹുല്‍ ഗാന്ധി സ്ഥിരമായി ഉപയോഗിക്കാറുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിനെ അദ്ദേഹം ‘മിത്ര കാല്‍ ബജറ്റ്’ എന്ന് വിശേഷിപ്പിച്ചിരുന്നു.
അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം ഏപ്രില്‍ 13 വരെയാണ് നീട്ടിയിരിക്കുന്നത്. കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഏപ്രില്‍ 13ന് പരിഗണിക്കും. സൂറത്തിലെ കോടതിയില്‍ രാഹുല്‍ നേരിട്ടെത്തിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്.