ഒഡിഷ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും മോദി സർക്കാരിന് ഒളിച്ചോടാൻ സാധിക്കില്ലെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. 270ൽ അധികം മരണങ്ങൾ നടന്ന ശേഷവും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ഇത്രയധികം വേദനിപ്പിക്കുന്ന അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ നിന്നും പ്രധാനമന്ത്രിക്ക് ഒളിച്ചോടാൻ സാധിക്കില്ല. ഉടൻ തന്നെ റെയിൽവേ മന്ത്രിയുടെ രാജി പ്രധാനമന്ത്രി ചോദിച്ചു വാങ്ങണമെന്നും രാഹുൽ ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
275 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡിഷയിലെ ബാലസോർ ജില്ലയിലെ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിക്കുകയുണ്ടായി. അപകടസ്ഥലത്തെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി എന്ന് അറിയിച്ച അദ്ദേഹം ട്രാക്ക് അറ്റകുറ്റപ്പണികളും വയറിങ് ജോലികളും നടക്കുന്നതായി അറിയിച്ചു. പരുക്കേറ്റവരിൽ ചിലർ ആശുപത്രിയിൽ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ഉന്നത തല അന്വേഷണം പൂർത്തിയായതായി റെയിൽവേ അധികൃതർ അറിയിച്ചു. റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും അപകടത്തിന്റെ കാരണം തിരിച്ചറിഞ്ഞെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇലക്ട്രോണിക് ഇന്റർ ലോക്കിങ്ങിലെ പിഴവാണ് അപകട കാരണം. ഇന്നു തന്നെ ട്രാക്ക് പുനഃസ്ഥാപിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദുരന്ത ഭൂമിയിൽ നിന്ന് മൃതദേഹങ്ങൾ മുഴുവനായി നീക്കി. ബുധനാഴ്ച രാവിലെയോടെ ഗതാഗതം പുനസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഇതിനിടെ, ഒഡിഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ മുഴുവൻ ഭുവനേശ്വറിലേക്ക് മാറ്റി. ഭുവനേശ്വറിലെ ആറ് ആശുപത്രികളിലേക്കാണ് 170 മൃതദേഹങ്ങൾ മാറ്റിയത്. എയിംസ് ഭുവനേശ്വർ, എഎംആർഐ ഭുവനേശ്വർ, എസ്യുഎം ആശുപത്രി, ക്യാപിറ്റൽ ആശുപത്രി, കിംസ് ആശുപത്രി, ഭുവനേശ്വർ, ഹൈടെക് ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലേക്കാണ് മാറ്റിയത്.