ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. ജൂൺ 29,30 തിയ്യതികളിലാണ് രാഹുൽ മണിപ്പൂരിലെത്തുക. ദുരിതാശ്വാസ ക്യാമ്പുകൾ രാഹുൽ ഗാന്ധി സന്ദർശിക്കും. ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും വിവിധ സംഘടനാ പ്രതിനിധികളുമായി അദ്ദേഹം സംവദിക്കും.
മണിപ്പൂർ കലാപം പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പട്‌നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലും ഈ വിഷയം ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി മണിപ്പൂരിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. അമിത് ഷാ മണിപ്പൂരിലെത്തി വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും ഇപ്പോഴും സംഘർഷം തുടരുകയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നടത്തിയ കൂടിക്കാഴ്ചയിൽ മണിപ്പൂർ സംഘർഷം പ്രധാന ചർച്ചയായിരുന്നു.