ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ ശിക്ഷ സ്റ്റേചെയ്ത സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും
സ്പീക്കറുമായി ചര്‍ച്ചചെയ്തശേഷം ലോക്‌സഭാ സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊള്ളുക. അയോഗ്യനാക്കി മാര്‍ച്ച് 24-ന് പുറത്തിറക്കിയ വിജ്ഞാപനത്തിന് സമാനമായ ഉത്തരവാണ് അംഗത്വം പുനഃസ്ഥാപിക്കുമ്പോഴും ലോക്‌സഭാ സെക്രട്ടറി ജനറല്‍ പുറത്തിറക്കേണ്ടത്. രാഹുലിന്റെ അംഗത്വം പുനഃസ്ഥാപിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന കത്തും സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പും കോണ്‍ഗ്രസിന്റെ സഭാനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ശനിയാഴ്ച ലോക്‌സഭാ സെക്രട്ടേറിയറ്റിന് കൈമാറി.
തിങ്കളാഴ്ച അംഗത്വം പുനഃസ്ഥാപിക്കുകയാണെങ്കില്‍ ചൊവ്വാഴ്ച സഭയില്‍ ആരംഭിക്കുന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ രാഹുലിന് പങ്കെടുക്കാം. വെള്ളിയാഴ്ചയാണ് രാഹുല്‍ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നത്. ഇതനുസരിച്ച്, ശിക്ഷ സ്റ്റേ ചെയ്തനിമിഷംമുതല്‍ രാഹുല്‍ഗാന്ധി ലോക്‌സഭാംഗമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍മാത്രമേ, സാങ്കേതികമായി അംഗത്വം പുനഃസ്ഥാപിക്കപ്പെടുകയുള്ളൂവെന്ന് സഭാമുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി പറഞ്ഞു. മുന്‍കാല പ്രാബല്യത്തോടെയാണ് അംഗത്വം പുനഃസ്ഥാപിക്കുന്നത്. അല്ലെങ്കില്‍, ലോക്‌സഭാംഗത്വ കാലയളവില്‍ വിടവുണ്ടാകും. ഇത് സങ്കീര്‍ണമായ നിയമപ്രശ്നങ്ങള്‍ക്ക് വഴിതുറക്കും.