ഭോപ്പാല്‍: ജാതി സെന്‍സസ് വിഷയം വീണ്ടും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ജാതി സെന്‍സസ് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ജന്‍ ആക്രോശ് യാത്രയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍, രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ കൃത്യമായ എണ്ണം അറിയുന്നതിനായി ജാതി സെന്‍സസ് നടത്തും. അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്യാന്‍ പോകുന്ന കാര്യം അതായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.
എന്ത് കൊണ്ട് വനിതാ സംവരണ ബില്ലില്‍ പിന്നാക്ക സംവരണം മോദി നല്‍കിയില്ല. കോണ്‍ഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രിമാര്‍ പിന്നാക്കവിഭാഗത്തില്‍ നിന്നുള്ളവരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കവേ ബിജെപി ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പിന്നാക്ക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസങ്ങളിലെല്ലാം പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. ഈ വിഷയത്തില്‍ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ടുപോകാനാണ് രാഹുലിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.