തിരുവനന്തപുരം : അങ്കമാലി–എരുമേലി ശബരി റെയിൽപാതയുടെ നിർമാണജോലി ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ. കേന്ദ്ര–കേരള സർക്കാരുകൾ തുല്യ വിഹിതം മുടക്കി നടപ്പാക്കുന്ന പദ്ധതി, ഇരു സർക്കാരുകളുടെയും തുല്യ പങ്കാളിത്തമുള്ള കോർപറേഷൻ എന്ന നിലയ്ക്ക് ഏൽപിക്കണമെന്നു കെ റെയിൽ സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു.
കേരളവും കേന്ദ്രവും ചേർന്നു പണം മുടക്കുന്ന റെയിൽവേ മേൽപാലങ്ങളുടെ നിർമാണം നിലവിൽ കെ റെയിലിനെ ഏൽപിച്ചിട്ടുണ്ട്. ശബരി റെയിൽ നിർമാണച്ചെലവിൽ പകുതി മുടക്കാമെന്നു വാഗ്ദാനം ചെയ്തെങ്കിലും കേരളം ഇതുവരെ രേഖാമൂലം സമ്മതം നൽകിയിട്ടില്ല. കെ റെയിൽ സമർപ്പിച്ച 3800 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനു ദക്ഷിണ റെയിൽവേ അക്കൗണ്ട്സ് വിഭാഗം അംഗീകാരം നൽകിയിരുന്നു.