ഫുജൈറ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടു. അൽ ഐൻ, ഫുജൈറ, ഷാർജ തുടങ്ങിയ പ്രദേശങ്ങളിൽ മിതമായതും ശക്തമായതുമായ മഴയും കാറ്റും രേഖപ്പെടുത്തി. പലയിടത്തും ആകാശം മേഘാവൃതമാണ്. ഞായറാഴ്ച വൈകിട്ട് വരെ ഈ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അൽ ഐനിലെ അൽ ഷ്വൈബിന്റെ വടക്കൻ ഭാഗമായ അൽ ഫാവിലും , അബുദാബിയിലെ മദാം പ്രദേശത്തിന്റെ തെക്കും ഷാർജയുടെ മധ്യഭാഗമായ അൽ ബദൈറിലും ഇന്ന് വൈകിട്ട് 4.30 നാണ് മഴ ആരംഭിച്ചത്. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലുണ്ടായ മഴമേഘങ്ങൾ രൂപപ്പെടുകയായിരുന്നുവെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. ഫുജൈറ മുതൽ അൽ ഐൻ വരെയുള്ള മേഖലയിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എൻസിഎം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.



