തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും ശക്തമായ ഇടിമിന്നലും കാറ്റുമുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ പെയ്ത മഴയില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മലയോര മേഖലയില്‍ കനത്ത മഴയാണ് പെയ്തത്. തിരുവമ്പാടി പുന്നയ്ക്കലില്‍ തോടിനു കുറുകെയുള്ള താത്കാലിക പാലം ഒലിച്ചു പോയി. താമരശ്ശേരി കൂടത്തായി പാലത്തില്‍ മഴയത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ടു. കൂട്ടാലിടയില്‍ മരം വീണ് കാര്‍ തകര്‍ന്നു. പതങ്കയത്ത് പുഴയിൽ കുടുങ്ങിയ രണ്ട് പേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.