തിരുവനന്തപുരം: ജൂണിൽ പെയ്തത് കഴിഞ്ഞ 47 വർഷത്തെ ഏറ്റവും കുറവ് മഴ. 60 ശതമാനം കുറവാണ് കാലവർഷത്തിന്റെ ആദ്യമാസമുണ്ടായത്. എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയിൽ കുറവുണ്ടായി. കഴിഞ്ഞ 123 വർഷത്തിനിടെ മഴ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ജൂൺ മാസമാണിത്. 648 മില്ലി മീറ്റർ ലഭിക്കേണ്ട ഇടത്ത് ഈ ജൂണിൽ പെയ്തത് 260.3 മില്ലി മീറ്റർ മാത്രം.
പാലക്കാട്,മലപ്പുറം,കാസർകോട്,തൃശൂർ ജില്ലകളിൽ ലഭിക്കേണ്ടതിന്റെ 40 ശതമാനത്തിലും കുറവ് മഴയാണ് ലഭിച്ചത്. പത്തനംതിട്ട,കൊല്ലം,ആലപ്പുഴ ജില്ലകളിൽ മാത്രമാണ് 60 ശതമാനത്തിലേറെ മഴ ലഭിച്ചത്. കാലവർഷമെത്താൻ ഒരാഴ്ച വൈകിയതും ജൂൺ ആറിന് രൂപംകൊണ്ട ബിപോർജോയി ചുഴലിക്കാറ്റ് മൺസൂൺ കാറ്റിനെ പ്രതികൂലമായി ബാധിച്ചതുമാണ് മഴ കുറച്ചത്.
ഇത് കൂടാതെ വടക്ക് പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ടൈഫൂണുകളും ജൂണിൽ മഴ കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ. ജൂലൈയിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.