തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്ന് റെഡ്, ഓറഞ്ച് അലേർട്ടുകൾ ഒരിടത്തും പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
മലയോര മേഖലകളിൽ അതീവ ജാഗ്രത നിർദ്ദേശമുണ്ട്. തീരമേഖലകളിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് ജാഗ്രതാമുന്നറിയിപ്പ് നൽകുന്നു. ജൂലൈ 9 മുതൽ ജൂലൈ 11 വരെയുള്ള തീയതികളിൽ ജില്ലകളിൽ നിലവിൽ ഒരു അലേർട്ടുകളും പ്രഖ്യാപിച്ചിട്ടില്ല. യെല്ലോ അലേർട്ട് നിലവിലുള്ള കോഴിക്കോട് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. അനിഷ്ട സംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 129 പേരെയാണ് ജില്ലയിൽ നിലവിൽ മാറ്റി പാർപ്പിച്ചിട്ടുള്ളത്.
കോട്ടയത്ത് മഴ കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങി. മീനച്ചിൽ, മണിമല ആറുകളിൽ ജലനിരപ്പ് കുറയുന്നു. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്ത മലയോര മേഖലയിലും മഴയ്ക്ക് ശമനമുണ്ട്. 74 ക്യാമ്പുകളിൽ 643 കുടുംബങ്ങളാണ് കഴിയുന്നത്. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 58 ആയി. ചെങ്ങന്നൂര്‍ – 22, കുട്ടനാട് – 14, മാവേലിക്കര – 7 , ചേര്‍ത്തല – 4, കാര്‍ത്തികപ്പള്ളി – 7, അമ്പലപ്പുഴ – 4 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 1097 കുടുംബങ്ങളില്‍ നിന്നായി 1510 പുരുഷന്മാരും 1663 സ്ത്രീകളും 557 കുട്ടികളുമടക്കം 3730 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.