റിയാദ്: സൗദി അറേബ്യയിൽ വിവിധ ഇടങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത. മക്ക, മദീന പ്രവിശ്യകളിലെ താഴ്ന്ന പ്രദേശങ്ങളിലും ജിസാൻ, അസീർ, അൽ ബാഹ എന്നിവിടങ്ങളിലുമാണ് കാറ്റോടു കൂടിയ മഴക്ക് സാധ്യത. ദേശീയ കാലാവസ്ഥ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകുന്നത്.
അതേസമയം, ഒക്ടോബർ, നവംബർ മാസങ്ങളിലെ ചൂട് മുൻവർഷത്തേക്കാൾ വർദ്ധിക്കുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ മഹാസമുദ്രത്തിലെ കാലാവസ്ഥാ മാറ്റത്തെ തുടർന്നാണ് ഇത്. കിഴക്കൻ പ്രവിശ്യയിൽ മഴ വർധിക്കാനും സാധ്യതയുണ്ട്.
ഇത്തവണ റെക്കോർഡ് ചൂടാണ് സൗദിയുടെ മുഴുവൻ ഭാഗങ്ങളിലും അനുഭവപ്പെട്ടത്. ചൂടവസാനിച്ചതോടെ മഴയെത്തി. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മക്കയിലും ജീസാൻ, നജറാൻ, അസീർ, എന്നിവിടങ്ങളിലും സാമാന്യം ഉയർന്ന തോതിലുള്ള മഴ ലഭിച്ചു. ഇപ്പോഴും മഴ തുടരുന്നുണ്ട്. ഇതിന് പിന്നാലെ ചൂടിലേക്ക് പ്രവേശിക്കാനിരിക്കുകയാണ് രാജ്യം. 20 വർഷത്തിനുശേഷമാണ് കഴിഞ്ഞതവണ സൗദിയിൽ തണുപ്പ് 0 ഡിഗ്രിക്ക് താഴെത്തിയിരുന്നില്ല. ഈ അവസ്ഥ ഇത്തവണയും തുടരും. ഇത്തവണയും തണുപ്പ് കുറയും എന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഒക്ടോബർ, നവംബർ, മാസത്തിലെ ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ അനുസരിച്ചാണ് മുന്നറിയിപ്പ്. എൽ നിനോ പ്രതിഭാസം ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടാക്കുന്ന പ്രത്യാഘാതം അനുസരിച്ചാകും ചൂടിന്റെ വർധനവ്.
കാലാവസ്ഥാ മാറ്റം തുടരുന്ന സാഹചര്യത്തിൽ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ട്. ആരോഗ്യ പ്രയാസങ്ങൾ നേരിടുന്നവർ പെട്ടെന്ന് തന്നെ ചികിത്സ സ്വീകരിക്കണം. പ്രതിരോധ കുത്തിവെപ്പുകളടക്കം എടുക്കാനും നിർദ്ദേശമുണ്ട്. ഇതിനായുള്ള സൗകര്യങ്ങൾ രാജ്യത്തെ ഹെൽത്ത് സെന്ററുകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്. ഒക്ടോബർ അവസാനം വരെ കാലാവസ്ഥാ മാറ്റം തുടരുമെന്നും മന്ത്രാലയം അറിയിച്ചു.