ജിദ്ദ: സൗദിയിലെ വിവിധ ഇടങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. നാളെ മുതൽ ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഴയെത്തുമെന്നാണ് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ്. മക്ക, മദീന, തബൂക്ക് എന്നിവിടങ്ങളിലാണ് കനത്ത മഴക്ക് സാധ്യത. ഇവിടെ 50 കിലോമീറ്ററിന് മുകളിൽ വേഗമുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റിയാദ്, കിഴക്കൻ പ്രവിശ്യ, അസീർ എന്നിവങ്ങളിലും മഴയെത്തുമെങ്കിലും ശക്തമാകില്ല.
മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. റിയാദ്, വടക്കുകിഴക്കൻ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവധഭാഗങ്ങളിൽ ശക്തമായ തണുപ്പ് തുടരുന്നുണ്ട്.
റിയാദിൽ നഗരത്തിന് പുറത്ത് ഇന്ന് രണ്ട് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. അൽജൗഫ്, അറാർ, തുറൈഫ് പ്രദേശങ്ങളിൽ കുറഞ്ഞ താപനില മൈനസ് ഡിഗ്രിയിലാണ്. തബൂക്ക്, അൽ ഉല, മദീന, ത്വാഇഫ് പട്ടണങ്ങളിലും കൊടും തണുപ്പ് തുടരുന്നുണ്ട്. പത്ത് ദിവസത്തോളം ശീതക്കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പ്.