ജിദ്ദ: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ വീണ്ടും മഴ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പു നൽകി.
വരുന്ന മൂന്ന് ദിവസം സൗദിയിലെ വിവിധ പ്രദേശങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മക്ക പ്രവിശ്യയിൽ മിതമായതോ കനത്തതോ ആയ മഴയെത്തും. അൽ ലിത്, ഖുൻഫുദ ഗവർണറേറ്റുകളിലും മഴ മുന്നറിയിപ്പുണ്ട്. റിയാദ് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ മഴക്കും പൊടി കാറ്റിനും സാധ്യതയുണ്ട്.
സൗദിയുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളായ ജീസാൻ, അസീർ, അൽ ബഹ എന്നിവയുടെ വിവിധ ഭാഗങ്ങളിൽ മഴയും മൂടൽമഞ്ഞിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മദീന, അൽ ഖസിം, അൽ ജൗഫ്, ഹാഇൽ മേഖലകളിലും മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ ശൈത്യം തുടരുകയാണ്. ഇന്ന് അൽ ഖുറയാത്തിൽ ഏറ്റവും കുറഞ്ഞ താപനില 1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.