സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
സാംസ്ഥാനത്ത് ഇന്ന് പരക്കെ അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ നാളെയും മറ്റന്നാളും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ശക്തമായ കാലവർഷപെയ്ത്ത് തുടരുകയാണ്. അടുത്ത മണിക്കൂറുകളിലും മഴ തിമിർത്ത് പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴമുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യത.
കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ മഴ കനക്കും. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലായി മഴ ലഭിക്കുന്ന മലയോര പ്രദേശങ്ങളിൽ റെഡ് അലർട്ടിന് സമാനമായ ജാഗ്രത തുടരണം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പല സ്റ്റേഷനുകളിലും അതിതീവ്ര മഴ ലഭിച്ചു. പലയിടത്തും കഴിഞ്ഞ 24 മണിക്കൂറിനിടെ കിട്ടിയത് 200 മില്ലിമീറ്ററിലധികം മഴ.