അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. വിവിധ പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞ് ശക്തമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വിവിധ എമിറേറ്റുകളിലെ പൊലീസ് സേന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴയുളള സമയങ്ങളില്‍ താഴ്‌വരകളിലും അണക്കെട്ടുകള്‍ക്ക് സമീപത്തും ഒത്തുകൂടിയാല്‍ ആയിരം ദിര്‍ഹം പിഴ ഈടാക്കുമെന്ന് അബുദബി പൊലീസ് മുന്നറിയിപ്പ് നല്‍കി. വെള്ളപ്പൊക്കമുളള പ്രദേശങ്ങളില്‍ വാഹനവുമായി പ്രവേശിച്ചാല്‍ ഇരുപതിനായിരം ദിര്‍ഹം പിഴയും ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. ഇതിന് പുറമെ വാഹനവും പിടിച്ചെടുക്കും. വാഹനം ഓടിക്കുന്നവര്‍ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു.