അയോധ്യയിലെ രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കും. പ്രധാനമന്ത്രിയെ റാം മന്ദിർ ട്രസ്റ്റ് വിഗ്രഹ പ്രതിഷ്ഠയ്ക്ക് ക്ഷണിക്കുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.ഔദ്യോഗിക അഭ്യർത്ഥനയായി കത്ത് അയക്കാനുള്ള ഒരുക്കത്തിലാണ് റാം മന്ദിർ ട്രസ്റ്റ്.
ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ ഒപ്പുള്ള കത്ത് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിക്ക് അയക്കും. ഡിസംബറിനും ജനുവരിക്കും ഇടയിൽ ഏറ്റവും അനുകൂലമായിട്ടുള്ള തീയതികളിൽ പ്രധാനമന്ത്രിയുടെ ലഭ്യത ഉറപ്പാക്കണമെന്നാണ് കത്തിൽ അഭ്യർത്ഥിക്കുക. അയോധ്യയിൽ ഏഴു ദിവസം നീളുന്ന ഉത്സവവും വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ആഘോഷിക്കും.
അതേസമയം, ഡിസംബറോടെ ക്ഷേത്രത്തിൽ ശ്രീരാമ വിഗ്രഹം സ്ഥാപിക്കുമെന്നും 2024 ജനുവരിയോടെ ഉദ്ഘാടനം ചെയ്യുമെന്നും രാമജന്മഭൂമി തീർഥ ക്ഷേത്ര ന്യാസ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. രാമക്ഷേത്രം തുറക്കാൻ നഗരം തയ്യാറെടുക്കുന്നതിനാൽ ഉത്തർപ്രദേശ് സർക്കാർ അയോധ്യയിലെ വിമാനത്താവളത്തിന്റെയും റെയിൽവേ സ്റ്റേഷന്റെയും വിപുലീകരണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്.