ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഫലസ്തീനു വേണ്ടി വാദിച്ച് രമേശ് ചെന്നിത്തല. പുതിയ സാഹചര്യത്തിൽ പാർട്ടി ഫലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇന്ന് ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ.
ഇസ്രായേലും ഹമാസും അടിയന്തരമായി വെടിനിർത്തലിനു തയാറാകണമെന്നാണു യോഗം ആവശ്യപ്പെട്ടത്. ആത്മാഭിമാനത്തോടെയും ആദരവോടെയും ജീവിക്കാനുള്ള, സ്വന്തം ഭൂമിക്കും സർക്കാരിനുമുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തിന് എക്കാലത്തും നൽകിവരുന്ന പിന്തുണ യോഗം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. നേരത്തെ, ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ കോൺഗ്രസ് അപലപിച്ചിരുന്നു. ഇസ്രായേലിന്റെ ദേശീയ സുരക്ഷ കൂടി ഉറപ്പാക്കി, ചർച്ചയിലൂടെ വേണം ഫലസ്തീനികളുടെ ന്യായമായ അഭിലാഷങ്ങൾ നേടിയെടുക്കേണ്ടതെന്നായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്.
ഇസ്രായേൽ ആക്രമണത്തിൽ 560ലേറെ ഫലസ്തീനികളാണ് ഇതുവരെയായി ഗസ്സയിൽ കൊല്ലപ്പെട്ടത്. ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഇസ്രായേൽ സൈനികർ ഉൾപ്പെടെ 800ലേറെ പേർക്കും ജീവൻ നഷ്ടമായിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു അനധികൃത ഇസ്രായേൽ കുടിയേറ്റകേന്ദ്രങ്ങളെയും സൈനികതാവളങ്ങളെയും ലക്ഷ്യമിട്ട് ഹമാസ് ആക്രമണത്തിനു തുടക്കമിട്ടത്.