ഷാര്‍ജ : പദവിയും അധികാരങ്ങളും വരുകയും പോകുകയും ചെയ്യും, എന്നാല്‍, ജനങ്ങള്‍ക്കും നാടിനും വേണ്ടിയുള്ള സേവനമാണ് ഏറ്റവും പ്രധാനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവുമായ രമേശ് ചെന്നിത്തല പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍, ” രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും ” എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഷാര്‍ജ റൂളേഴ്സ് ഓഫീസ് ചെയര്‍മാന്‍ ഷെയ്ഖ് സാലം അബ്ദു റഹ്മാന്‍ സാലം അല്‍ ഖാസ്മി പുസ്തകം പ്രകാശനം ചെയ്തു.
ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ഏറ്റവും തിരക്കേറിയ പുസ്തക പ്രകാശന ചടങ്ങായിരുന്നു ഇത്. ഷാര്‍ജ റൂളേഴ്സ് ഓഫീസ് ചെയര്‍മാന്‍ ഷെയ്ഖ് സാലം അബ്ദു റഹ്മാന്‍ സാലം അല്‍ ഖാസ്മി പുസ്തക പ്രകാശനം ചെയ്തു. കെഫ് ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍, ആദ്യ പുസ്തകം സ്വീകരിച്ചു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പദവിയല്ല, ജനങ്ങള്‍ക്ക് വേണ്ടിയുള്ള സേവനമാണ്, ഏറ്റവും പ്രധാനപ്പെട്ടതെന്ന് രമേശ് ചെന്നിത്തല ചടങ്ങില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച നമ്പര്‍ വണ്‍ പുസ്തക മേളയായി, ഷാര്‍ജ പുസ്തക മേള മാറിയെന്നും ചെന്നിത്തല പറഞ്ഞു.
കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും തലയെടുപ്പുളള നേതാവണ് രമേശ് ചെന്നിത്തലയെന്ന്, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. ഒരു നേതാവിന്റെ എല്ലാ ഗുണങ്ങളും ഉളള, അത് തെളിയിച്ചിട്ടുള്ള നേതാവാണ് ചെന്നിത്തല. വഹിച്ച സ്ഥാനങ്ങളില്‍ എല്ലാം അദേഹത്തിന്റെ കാല്‍പാടുകള്‍ പതിഞ്ഞു. ശക്തനായ ജനാധിപത്യവാദിയും അടിയുറച്ച മതേതരവാദിയുമാണ് ചെന്നിത്തല എന്ന ഭരണാധികാരി. ഇനിയും എത്രയോ ഉയരങ്ങള്‍ കീഴടക്കാനുള്ള നേതാവാണെന്നും എം എം ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അഭിമുഖീകരിച്ച മികച്ച രാഷ്ട്രീയ നേതാവിന്റെ, യാത്രയാണ് ഈ പുസ്തകമെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് , മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. നേതാക്കളില്‍ അപൂര്‍വങ്ങളില്‍ ഒരാളാണ് രമേശ് എന്ന് കെഫ് ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി.പി. രാജശേഖരനാണ് പുസ്തകം എഴുതിയത്. ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ധീന്‍, ആര്‍ ഹരികുമാര്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ഷാനിമോള്‍ ഉസ്മാന്‍, വി ടി സലിം, സി പി സാലിഹ്, വി എ ഹസ്സന്‍, ഡോ. കെ പി ഹുസൈന്‍, പി കെ സജീവ്, ജോണ്‍ മത്തായി, ബേബി തങ്കച്ചന്‍ ഉള്‍പ്പടെ നിരവധി പേര്‍ സംബന്ധിച്ചു. മാധ്യമ രംഗത്ത് 38 വര്‍ഷം പൂര്‍ത്തീയാക്കിയ, പുസ്തക രചയിതാവ് സി.പി. രാജശേഖരനെ ചടങ്ങില്‍ ഇന്‍കാസ് ആദരിച്ചു. ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശേരില്‍, ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ജാബിര്‍ എന്നിവര്‍ ആദരം നല്‍കിയ ചടങ്ങില്‍ സംബന്ധിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. വൈ എ റഹിം, കെ എം സി സി യുഎഇ ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ ഉള്‍പ്പടെയുളള ഇന്‍കാസിന്റെയും കെഎംസിസിയുടെയും നേതാക്കള്‍, സാമൂഹ്യ സാംസ്‌കാരിക സിനിമാ വ്യവസായ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.