കൊച്ചി : ഐടി, വ്യവസായ വകുപ്പുകളിൽ 2018 മുതൽ നടന്ന മുഴുവൻ ഇടപാടുകളെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നു രമേശ് ചെന്നിത്തല എംഎൽഎ. വൻ അഴിമതി നടന്ന എഐ ക്യാമറ കരാർ റദ്ദാക്കണം. പാവപ്പെട്ടവന്റെ പണം പിടിച്ചു പറിച്ചു മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്കു നൽകുന്നത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ ചെന്നിത്തല സേഫ് കേരള പദ്ധതിയുടെ ഇ ടെൻഡർ നടപടി നടക്കുന്നതിനു മുൻപു തന്നെ എസ്ആർഐടിയും അശോക ബിൽഡ്കോണും തമ്മിൽ ഇടപാടുകൾ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകളും പുറത്തു വിട്ടു.
കെ ഫോൺ പദ്ധതിയിൽ കരാർ നേടിയ എസ്ആർഐടി 313 കോടി രൂപയുടെ ഉപകരാർ 2019ൽ തന്നെ അശോകയ്ക്കു നൽകി. അശോകയാകട്ടെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ കമ്പനിയായ പ്രസാഡിയോയ്ക്ക് ഉപകരാർ നൽകി. കെ ഫോണിൽ 7 വർഷത്തേക്കു മെയിന്റനൻസ് ഫീ മാത്രമായി 363 കോടി രൂപ വകയിരുത്തിയത് വൻകൊള്ളയായിരുന്നു. പരിപാലനച്ചെലവ് ഉൾപ്പെടെയാണ് എസ്ആർഐടി – ഭാരത് ഇലക്ട്രോണിക്സ് കൺസോർഷ്യത്തിനു ടെൻഡർ നൽകിയത്. എന്നിട്ടും ഈ വർഷം ഫെബ്രുവരി 20നു മെയിന്റനൻസിനായി വീണ്ടും ടെൻഡർ വിളിച്ചു.
മാർച്ച് 24ന് എസ്ആർഐടിയുടെ ടെൻഡർ അംഗീകരിച്ച് ഉത്തരവിറക്കി.കെ ഫോൺ വരുമാനത്തിന്റെ 10 – 12 % വരെ ഈ കമ്പനിക്ക് നൽകാനും അനുമതിയായി. 7 വർഷത്തെ മെയിന്റനൻസിന് 363 കോടി ആദ്യ ടെൻഡറിൽ വകയിരുത്തിയ ശേഷം പിന്നെ എന്തിനാണു വീണ്ടും ടെൻഡർ വിളിച്ചു വരുമാനത്തിന്റെ വിഹിതം എസ്ആർഐടിക്കു നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം ചോദിച്ചു.