പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രേണുക ചൗധരി. 2018ൽ പാർലമെൻ്റിൽ വച്ച് തന്നെ ശൂർപ്പണഖ എന്ന് വിളിച്ച് മോദി അപമാനിച്ചു എന്നും തൻ്റെ പരാതിയിൽ കോടതി എത്ര വേഗം പ്രവർത്തിക്കുമെന്ന് കാണാമെന്നും അവർ ട്വീറ്റ് ചെയ്തു. ഇതിൻ്റെ വിഡിയോയും അവർ പങ്കുവച്ചു.
അതേസമയം, മോദി ശൂർപ്പണഖ എന്ന വാക്ക് തൻ്റെ പരാമർശത്തിൽ ഉപയോഗിച്ചിട്ടില്ല. രേണുക ചൗധരി ഉച്ചത്തിൽ ചിരിച്ചത് പാർലമെൻ്റ് ചെയർമാൻ വെങ്കയ്യ നായിഡുവിനെ കുപിതനാക്കി. ഈ സമയത്ത് ‘രേണുകജിയെ ഒന്നും പറയരുത്. രാമായണം പരമ്പരയ്ക്ക് ശേഷം ഇത്തരത്തിലുള്ള ചിരി നമുക്ക് കേൾക്കാൻ കഴിഞ്ഞു’ എന്ന് മോദി പറയുകയായിരുന്നു. ഇതുകൊണ്ട് ഉദ്ദേശിച്ചത് ശൂർപ്പണഖയാണെന്നാണ് രേണുക സിംഗിൻ്റെ ആരോപണം.
രാഹുൽ ഗാന്ധിക്കെതിരായ കോടതിവിധിയിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം നടത്തും. കോടതി വിധിക്കെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനായി ഇന്ന് പത്തുമണിക്ക് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. തുടർന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. രാഷ്ട്രപതിയെ കാണാനും കോൺഗ്രസ് സമയം തേടിയിട്ടുണ്ട്.
നാളെ രാജ്യവ്യാപക പ്രതിഷേധ നടത്താനാണ് തീരുമാനം. രാഹുൽഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവ് പുറപ്പെടുവിച്ചാൽ നിയമപരമായി നേരിടാനായി പ്രത്യേക സംഘത്തെ കോൺഗ്രസ് നിയോഗിച്ചു. സൂറത്ത് കോടതി വിധിയ്ക്കെതിരെ മേൽ കോടതിയെ വൈകാതെ സമീപിക്കും. അതേസമയം, വിധിയോടെ അയോഗ്യനായ രാഹുൽഗാന്ധി ഇന്നത്തെ സഭാ നടപടികളിൽ നിന്ന് വിട്ടുനിന്നേക്കും.
രാഹുൽ ഗാന്ധിയ്‌ക്കെതിരായ കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് എഐസിസി അറിയിച്ചു. വിമർശനങ്ങളെ കേന്ദ്രം ഭയപ്പെടുന്നു എന്നതിന് തെളിവായാണ് രാഹുലിനെതിരായ വിധിയെ കാണുന്നതെന്നും എഐസിസി പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേഷ്, മനു അഭിഷേക് സിംഗ്വി എന്നിവരാണ് മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മോദി സമുദായത്തെക്കുറിച്ചുള്ള പരാമർശത്തിനെതിരെയാണ് രാഹുൽ ഗാന്ധിയ്ക്ക് സൂറത്ത് കോടതി തടവ് ശിക്ഷ വിധിച്ചത്.