റിയാദ്: സൗദി തലസ്ഥാന നഗരിയിൽ അന്തരാഷ്ട്ര പുസ്തകമേളക്ക് തുടക്കം. സൗദി സാംസ്‌കാരിക, വാർത്താവിനിമയ മന്ത്രാലയം ‘പ്രചോദനാത്മ ലക്ഷ്യസ്ഥാനം’ എന്ന തലവാചകത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി കാമ്പസിലാണ് നടക്കുന്നത്. ആദ്യം ദിനമായ വ്യാഴാഴ്ച തന്നെ മേളനഗരിയും പരിസരവും ജനതിരക്കിലമർന്നു. ഒമാനാണ് ഈ വർഷത്തെ അതിഥി രാജ്യം.
അറബ് ലോകത്തെ സാഹിത്യ, സാംസ്‌കാരിക പ്രമുഖരുടെയും ലോക രാജ്യങ്ങളില്‍ നിന്നെത്തിയ പ്രസാധകരുടെയും സാന്നിധ്യത്തിലാണ് 10 ദിവസം തുടരുന്ന മേളക്ക് തുടക്കം കുറിച്ചത്. കിങ് സഊദ് യൂനിവേഴ്സിറ്റി കാമ്പസിനുള്ളിൽ പ്രത്യേകമായി ഒരുക്കിയ നഗരിയിലാണ് മേള പുരോഗമിക്കുന്നത്. 55,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വിശാലമായി സജ്ജികരിച്ച നഗരിയിൽ 800 പവലിയനുകളാണ് അക്ഷരപ്രേമികൾക്ക് മുന്നിൽ തുറന്നിരിക്കുന്നത്.
എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 11 വരെയാണ് മേളനഗരിയിലെ സന്ദർശന സമയം. നഗരിയിൽ നിന്ന് ഒരു കിലോമീറ്ററോളം മാറിയുള്ള പാർക്കിങ് കേന്ദ്രത്തിൽനിന്ന് ഹാളിലേക്ക് സൗജന്യ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും വ്യത്യസ്തമായ കലാസാംസ്കാരിക പരിപാടികൾ മേളയുടെ ഭാഗമായി നടക്കും. സാഹിത്യത്തെയും കലയെയും കുറിച്ചുള്ള ഏറ്റവും പുതിയ ചില പ്രസിദ്ധീകരണങ്ങളുടെയും ചിത്രങ്ങളുടെയും അപൂർവ ശേഖരണങ്ങളുണ്ട് മേളയിൽ.