റിയാദ്: രണ്ടു മാസം മുമ്പാരംഭിച്ച റിയാദ് സീസൺ ആഘോഷ പരിപാടികൾ ആസ്വദിക്കാനെത്തിയവരുടെ എണ്ണം 1.2 കോടി കവിഞ്ഞു. കുടുംബങ്ങൾ, വ്യക്തികൾ, കുട്ടികൾ എന്നിവയുൾപ്പെട്ട സന്ദർശകരുടെ താത്പര്യങ്ങൾക്ക് അനുസരിച്ചുള്ള മിന്നും പ്രകടനങ്ങളും വിനോദ പരിപാടികളുമായി കഴിഞ്ഞ ഒക്ടോബർ 28നാണ് റിയാദ് സീസൺ ആരംഭിച്ചത്.
60 ദിവസത്തെ സന്ദർശകരുടെ കണക്കാണ് പൊതുവിനോദ അതോറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്. നാല് മാസം നീളുന്ന റിയാദ് സീസണിൽ മൊത്തം പ്രതീക്ഷിച്ച എണ്ണമാണിതെന്നും എന്നാൽ പകുതിയിൽ തന്നെ ലക്ഷ്യം നേടാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ് സീസൺ സൗദി മധ്യമേഖലയിലെ ഏറ്റവും വലിയ വിനോദ പരിപാടിയായി മാറി. പരിപാടികളുടെ വൈവിധ്യമാണ് ആളുകളെ ഇത്രമാത്രം ആകർഷിക്കാൻ കാരണം.