പാലക്കാട്: കേരളത്തിൽ ഗതാഗത വകുപ്പിനെ വെല്ലുവിളിച്ച് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ റോബിൻ ബസിന് തമിഴ്‌നാട്ടിലും പിഴ. കേരളത്തിൽ ഈടാക്കിയതിന്റെ ഇരട്ടിയോളമാണ് ബസുടമ അടയ്ക്കേണ്ടി വന്നത്. ചാവടി ചെക്ക് പോസ്റ്റിലാണ് റോബിൻ മോട്ടോഴ്സിന് 70,410 രൂപ പിഴയടക്കേണ്ടി വന്നത്. അനുമതിയില്ലാതെ സർവ്വീസ് നടത്തിയതിനാണ് നടപടി. ഈ തുകയിൽ പിഴയ്ക്കൊപ്പം ടാക്സും കൂടെയാണ് ഈടാക്കിയത്. അനധികൃതമായി സർവീസ് നടത്തിയതിന് ബസ് പിടിച്ചിട്ടതോടെ, ഒരാഴ്ചത്തെ ടാക്സും പിഴയും അടച്ച് വാഹന ഉടമ സർവീസ് തുടരുകയായിരുന്നു. ഈ തുകയടച്ചതോടെ നവംബർ 24 വരെ തമിഴ്നാട്ടിലേക്ക് സർവ്വീസ് നടത്താൻ സാധിക്കും.
ഇന്ന് രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട റോബിൻ ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപയാണ് ആദ്യം പിഴ ചുമത്തിയത്. എന്നാൽ ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തില്ല. തുടര്‍ന്ന് പാലായിലും അങ്കമാലിയും ബസ് തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഈ സമയങ്ങളിലെല്ലാം എംവിഡി പിഴയും ചുമത്തി. അങ്കമാലിയിലും ബസ് പരിശോധിച്ചപ്പോൾ, സംഘടിച്ചെത്തിയ നാട്ടുകാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ചു. എന്നാൽ ആകെ 37500 രൂപ ഇതുവരെ കേരളത്തിൽ നിന്ന് പിഴ വന്നുവെന്ന് റോബിൻ ബസുടമ പറഞ്ഞു. നാലിടത്ത് നിർത്തി പരിശോധനയും ഒരിടത്ത് അല്ലാതെയും പരിശോധന നടത്തി. ഇതിനു പുറമെ മറ്റു ചലാനുകളും വരാനുണ്ടെന്നും അദ്ദേഹം പറയുന്നു.