ഓസ്കർ നാമനിർദേശ പ്രഖ്യാപനച്ചടങ്ങ് യു.എസിലെ കാലിഫോർണിയ ബവേറി ഹിൽസിൽ ചൊവ്വാഴ്ച നടക്കും. ഇന്ത്യൻ സമയം രാവിലെ 8.30-നാണ് പരിപാടി. ചുരുക്കപ്പട്ടികയിൽ നാല് ഇന്ത്യൻ ചിത്രങ്ങളുണ്ട്. ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക് ചോയ്സ് എന്നീ പുരസ്കാരപ്പെരുമകളിൽ നിൽക്കുന്ന ‘ആർ.ആർ.ആർ’, ‘ചെല്ലോ ഷോ’, ‘ഓൾ ദാറ്റ് ബ്രീത്ത്സ്’, ‘ദ എലിഫന്റ് വിസ്പേഴ്സ്’ എന്നിവയാണവ. മികച്ച ഗാന വിഭാഗത്തിലാണ് എസ്.എസ്. രാജമൗലിയുടെ ആർ.ആർ.ആറിന്റെ പ്രതീക്ഷ. ഇതിലെ ‘നാട്ടു നാട്ടു ‘എന്ന തകർപ്പൻപാട്ട് അവതാർ, ബ്ലാക്ക് പാന്തർ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളുമായാണ് മത്സരിക്കുന്നത്.
കഴിഞ്ഞവർഷം ആദ്യമായി ഓസ്കർ നേടിയ ബ്രിട്ടീഷ് നടൻ റിസ് അഹമ്മദും അമേരിക്കൻ നടി ആലിസൺ വില്യംസും ചേർന്നാണ് നാമനിർദേശങ്ങൾ പ്രഖ്യാപിക്കുക. മാർച്ച് 12-നാണ് ഏവരും കാത്തിരിക്കുന്ന അന്തിമ പുരസ്കാര പ്രഖ്യാപനം. ലോസ് ആഞ്ജലിസ് ഒവേഷൻ ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങ് ലോകത്തെ 200 പ്രദേശങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യും.