മുംബൈ: 75 വയസായാൽ പൊതുപ്രവർത്തകർ സ്വയം വിരമിക്കണമെന്ന ആവശ്യം വീണ്ടുമുയർത്തി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ നടന്ന ‘ഗുരുപൂർണിമ’ പരിപാടിയിലാണ് അദ്ദേഹം തന്റെ നിലപാട് ആവർത്തിച്ചത്. 75 വയസ്സ് തികയുമ്പോൾ എല്ലാം നിർത്തി മറ്റുള്ളവർക്ക് വഴിയൊരുക്കണമെന്ന് മോഹൻഭാഗവത് പറഞ്ഞു.സെപ്റ്റംബർ 17 ന് മോദിക്ക് 75 വയസാകും. സെപ്റ്റംബർ 11 ന് ഭഗവതിനും 75 വയസാകും.
അതേസമയം,മോഹൻ ഭാഗവതിന്റെ പരാമർശം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉദ്ദേശിച്ചാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.മോദി മാറണമെന്നാണ് ആർഎസ്എസ് ഉദ്ദേശിച്ചതെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ട് പ്രതികരിച്ചു. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിംഗ് തുടങ്ങിയ നേതാക്കള്‍ക്ക് 75 വയസ് തികഞ്ഞപ്പോൾ മോദി അവരെ വിരമിക്കാൻ നിർബന്ധിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് നോക്കാമെന്ന് സഞ്ജയ് റൗട്ട് പറഞ്ഞു.വെറുതെ പ്രസംഗിക്കുകയല്ല, ചെയ്തുകാണിക്കുകയാണ് വേണ്ടെന്നാണ് കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്‍വി പറഞ്ഞു



