ബെലറൂസിൽ തന്ത്രപരമായ ആണവായുധങ്ങൾ വിന്യസിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. നീക്കം ആണവ നിർവ്യാപന കരാറുകൾ ലംഘിക്കുന്നതല്ലെന്ന് പറഞ്ഞ പുട്ടിൻ, ദശാബ്ദങ്ങളായി യു.എസ് അവരുടെ യൂറോപ്യൻ സഖ്യ രാജ്യങ്ങളിൽ ആണവായുധങ്ങൾ വിന്യസിക്കുന്നതിനോടാണ് താരതമ്യപ്പെടുത്തിയത്. ആണവായുധങ്ങൾ ബെലറൂസിലേക്ക് വിന്യസിക്കുന്നുണ്ടെങ്കിലും അതിന്റെ നിയന്ത്രണം അവർക്ക് കൈമാറില്ലെന്നും പുട്ടിൻ വ്യക്തമാക്കി.
യുക്രൈൻ അധിനിവേശത്തിൽ റഷ്യയ്ക്ക് പിന്തുണ നൽകുന്ന ഏറ്റവും അടുത്ത സഖ്യകക്ഷി കൂടിയാണ് ബെലറൂസ്. ആയുധങ്ങൾ കൈകാര്യം ചെയ്യാനുള്ള സൈനികർക്ക് അടുത്താഴ്ച മുതൽ റഷ്യ പരിശീലനം നൽകിത്തുടങ്ങും. ബെലറൂസിൽ റഷ്യൻ ആണവായുധങ്ങൾക്കായുള്ള സംഭരണ കേന്ദ്രത്തിന്റെ നിർമ്മാണംജൂലൈ ഒന്നിനകം പൂർത്തിയാകും. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ഏതാനും ഇസ്കൻഡർ മിസൈൽ സിസ്റ്റങ്ങൾ റഷ്യ ഇതിനോടകം തന്നെ ബെലറൂസിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ ആയുധങ്ങൾ എന്ന് ബെലറൂസിലെത്തിക്കുമെന്നോ ഏതെല്ലാം ആയുധങ്ങളാണ് വിന്യസിക്കുകയെന്നോ വ്യക്തമല്ല.
അതേസമയം റഷ്യ യുക്രെയിനിൽ ആണവായുധ പ്രയോഗത്തിന് തയാറെടുക്കുകയാണെന്ന് കരുതുന്നില്ലെന്ന് യു.എസ് ഡിഫൻസ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു. റഷ്യക്ക് പുറമേ യുക്രൈൻ , നാറ്റോ അംഗങ്ങളായ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവയുമായും ബെലറൂസ് അതിർത്തി പങ്കിടുന്നുണ്ട്.