ശബരിമല: തിരക്കിൽ വീർപ്പുമുട്ടി സന്നിധാനവും ശരണവഴികളും. ഭക്ഷണമില്ലാതെ, പ്രാഥമിക ആവശ്യത്തിനു പുറത്തിറങ്ങാൻ കഴിയാതെ വലഞ്ഞ കഥകളാണ് തീർഥാടകർക്ക് പറയാനുള്ളത്. മുൻവർഷങ്ങളിൽ ഒരിക്കലും പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം കടന്നുപോകാൻ അനുവദിക്കാറില്ല. കഴിഞ്ഞ 4 ദിവസമായി ശബരിപീഠവും കഴിഞ്ഞ് അപ്പാച്ചിമേടിന്റെ ഏറ്റവും മുകൾ ഭാഗം വരെ ക്യൂ നീണ്ടു. അവിടം മുതൽ താഴേക്ക് കുത്തനെയുള്ള ഇറക്കമാണ്. അവിടെ ക്യു നിർത്താൻ പറ്റില്ല. സാധാരണ പരിധിക്ക് അപ്പുറത്തേക്കാണ് ഇന്നലെ ക്യൂ നീണ്ടത്. മരക്കൂട്ടം ക്യൂ കോംപ്ലക്സിൽ കയറുന്നതിനു മുൻപ് തിരക്കിന്റെ സ്ഥിതി തീർഥാടകരെ പറഞ്ഞു മനസ്സിലാക്കാനാണ് ശബരിപീഠത്ത് തടയുന്നത്. മൂന്നും നാലും മണിക്കൂർ വരെ അവിടെ നിൽക്കേണ്ടി വരുന്നതാണ് ആദ്യത്തെ പ്രശ്നം.
വലിയ കടമ്പയാണ് മരക്കൂട്ടം കടക്കുക എന്നത്. ശരംകുത്തി വഴി പോകാൻ ആരും ആഗ്രഹിക്കുന്നില്ല. ശരംകുത്തി തിരക്കിൽ പെട്ടാൽ പുറത്തിറങ്ങാൻ കഴിയില്ല, ക്യൂ കോംപ്ലക്സിൽ ലഘുഭക്ഷണശാലയും ശുചിമുറിയും കുടിവെള്ളവും ഉണ്ട്. പക്ഷേ പുറത്തിറങ്ങാൻ കഴിയില്ല. അതിനാൽ ശരംകുത്തിവഴി പോകാൻ ആരും ആഗ്രഹിക്കുന്നില്ല. വിഐപികളെ മരക്കൂട്ടത്തിൽനിന്നു ചന്ദ്രാനന്ദൻ റോഡ് വഴി കടത്തിവിടുന്നുണ്ട്. അവർക്കായി വഴി തുറക്കുമ്പോൾ കൂട്ടത്തോടെ കുറേപ്പേർ ഇടിച്ചു കയറി പിന്നാലെ പോകും. ഇതാണ് അവസ്ഥ.