കൊച്ചി: ശബരിമലയിലെ ഭക്തരുടെ തിരക്കിലെ നിയന്ത്രണം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് എഡിജിപി ഇന്ന് വിശദീകരണം നൽകിയേക്കും.
ശബരിമല ദര്‍ശനം ഒരു മണിക്കൂര്‍ വര്‍ധിപ്പിക്കും; വൈകീട്ട് മൂന്നിന് നട തുറക്കും
ശബരിമലയിൽ വിർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുമോ എന്ന കാര്യത്തിലും എഡിജിപി ഇന്ന് മറുപടി നൽകും. ശബരിമലയിൽ ദർശന സമയം നീട്ടാൻ കഴിയില്ല എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്.
നിലവില്‍ ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. 12 മണിക്കൂറിലധികമാണ് ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനായി കാത്ത് നില്‍ക്കേണ്ടി വരുന്നത്. വലിയ നടപന്തലിലും, ഫ്ലൈഓവറിലുമാണ് ഭക്തര്‍ക്ക് മണിക്കൂറുകള്‍ ദര്‍ശനത്തിന് കാത്ത് നില്‍ക്കേണ്ടി വരുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പൊലീസിനും ദേവസ്വം അധികൃതര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു.
അതേസമയം, ശബരിമല ദര്‍ശനം ഒരു മണിക്കൂര്‍ നീട്ടാന്‍ കഴിഞ്ഞ ദിവസം തീരുമാനമായി. ശബരിമലയിലെ തിരക്ക് നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ദര്‍ശന സമയം നീട്ടാന്‍ തന്ത്രി അനുമതി നല്‍കി. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് നട തുറക്കും.