തിരുവനന്തപുരം : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി കണ്ടെത്തിയ കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല എന്നീ വില്ലേജുകളിലെ 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാർ അനുമതി. ഇതിൽ നെൽവയൽ ഉണ്ടെങ്കിൽ ചട്ടങ്ങൾ പാലിച്ചു മാത്രമേ പരിവർത്തനം ചെയ്യാവൂ എന്നും സർക്കാർ നിർദേശിച്ചു.
സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാൻ ശുപാർശ ചെയ്തിരുന്നു. വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമാണ് പദ്ധതി പ്രദേശം എന്ന കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണം സമിതി അംഗീകരിച്ചു.
പരിസ്ഥിതി ആഘാതങ്ങൾക്കു കൃത്യമായ പരിഹാരം ഉണ്ടാകണം. സെന്റർ ഫോര്‍ മാനേജ്മെന്റ് ഡെവലെപ്മെന്റാണു സാമൂഹിക ആഘാത പഠനം നടത്തിയത്. സാമൂഹിക ആഘാത പഠനത്തിലെ തെറ്റുകളും കുറവുകളും പൊരുത്തക്കേടുകളും സമിതി രേഖപ്പെടുത്തി. തുടർ നടപടികൾ പിഴവുകൾ പരിഹരിച്ചു കൊണ്ടാകണം.
ജനങ്ങളുമായുള്ള ചർച്ചയിലൂടെ അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണം. ജനങ്ങൾ വിമാനത്താവള പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി സമിതി അഭിപ്രായം രേഖപ്പെടുത്തി. സമയബന്ധിതമായ നഷ്ടപരിഹാരം, പുനരധിവാസം എന്നിവ പ്രതീക്ഷിച്ചാണു ഭൂരിഭാഗം പേരും പദ്ധതിയോടു യോജിച്ചതെന്നും സമിതി പറയുന്നു.