Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര 22ന്

ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര 22ന്

പത്തനംതിട്ട : ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര 22ന് രാവിലെ 7ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു പുറപ്പെടുമെന്നു ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. പ്രത്യേകം അലങ്കരിച്ച രഥത്തിൽ ക്ഷേത്രത്തിൽനിന്നു പുറപ്പെടുന്ന ഘോഷയാത്ര 25ന് വൈകിട്ട് ദീപാരാധനയ്ക്കു മുൻപു സന്നിധാനത്തെത്തും. തങ്കഅങ്കി പുറപ്പെടുന്നതിനു മുൻപ് ആറന്മുള ക്ഷേത്രാങ്കണത്തിൽ ഭക്തർക്കു തങ്കഅങ്കി ദർശിക്കുന്നതിനും പറയിടുന്നതിനും കാണിക്ക അർപ്പിക്കുന്നതിനും പുലർച്ചെ 5 മുതൽ സൗകര്യമുണ്ട്. വിവിധ ക്ഷേത്രങ്ങൾ ഉൾപ്പെടെ 75 കേന്ദ്രങ്ങൾ സന്ദർശിച്ചാണു രഥഘോഷയാത്ര സന്നിധാനത്ത് എത്തുക.


ആദ്യ ദിവസമായ ഡിസംബർ 22ന് രഥഘോഷയാത്ര ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ വിശ്രമിക്കും. 23ന് എട്ടിനു പുറപ്പെട്ട് വൈകുന്നേരം കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ വിശ്രമിക്കും. 24ന് പെരുനാട് ശാസ്താ ക്ഷേത്രത്തിൽ വിശ്രമിച്ച ശേഷം 25ന് രാവിലെ 8ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയിലെത്തും. മൂന്നിനു പമ്പയിൽനിന്നു പുറപ്പെട്ട് അഞ്ചു മണിയോടെ ശരംകുത്തിയിൽ എത്തിച്ചേരുന്ന ഘോഷയാത്രയെ ആചാരപൂർവം സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിക്കും. ഘോഷയാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങളിൽ തങ്കഅങ്കി ദർശിക്കുന്നതിനും കാണിക്ക അർപ്പിക്കുന്നതിനും സൗകര്യം ഒരുക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments