Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമണ്ഡല–മകരവിളക്കു തീർഥാടനകാലത്തെ ദർശനം പൂർത്തിയായി: ശബരിമലയിൽ ഇന്ന് നടയടക്കും

മണ്ഡല–മകരവിളക്കു തീർഥാടനകാലത്തെ ദർശനം പൂർത്തിയായി: ശബരിമലയിൽ ഇന്ന് നടയടക്കും

ശബരിമല: ഭക്തലക്ഷങ്ങൾക്ക് ആത്മനിർവൃതിയുടെ പൊൻപ്രഭയേകി മണ്ഡല–മകരവിളക്കു തീർഥാടനകാലത്തെ ദർശനം പൂർത്തിയായി. തീർഥാടനത്തിനു സമാപനംകുറിച്ചു മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുൻപിൽ ഗുരുതി നടന്നു. ക്ഷേത്രനട ഇന്ന് അടയ്ക്കും. രാത്രി അത്താഴ പൂജയോടെ ദർശനം പൂർത്തിയായി. തുടർന്നു മകരവിളക്ക് ഉത്സവംമൂലം ദേവന്റെ ചൈതന്യത്തിനു സംഭവിച്ച കുറവിനു പരിഹാരമായും മലദൈവങ്ങളുടെ പ്രീതിക്കുമായി ഗുരുതി പൂജയും ഗുരുതിയും നടന്നു. അത്താഴപൂജ കഴിഞ്ഞു ഹരിവരാസനം ചൊല്ലി നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയും പരിവാരങ്ങളുമെത്തി.

പിന്നാലെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ബി.മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബിജു.വി.നാഥ്, സോപാനം സ്പെഷൽ ഓഫിസർ ജയകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാർ എന്നിവരും മണിമണ്ഡപത്തിനു മുൻപിലെത്തിയതോടെ ചടങ്ങുകൾ തുടങ്ങി. കുമ്പളങ്ങ മുറിച്ചു ഗുരുതി നടത്തി. മലദൈവങ്ങളെയും ഭൂതഗണങ്ങളെയും പ്രതീപ്പെടുത്താനായി മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ‘നിണം’ തൂകി. റാന്നി കുന്നയ്ക്കാട്ട് ദേവീവിലാസത്തിൽ ജെ.അജിത്കുമാർ, ജെ.ജയകുമാർ, രതീഷ് കുമാർ എന്നിവർ കാർമികത്വം വഹിച്ചു. ഗുരുതി നടത്തിയ കർമികൾക്കു രാജപ്രതിനിധി ദക്ഷിണ നൽകി. ഇന്നു രാവിലെ തന്ത്രി കണ്ഠര് രാജീവര് അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തും. തുടർന്ന് തിരുവാഭരണവാഹകർ തിരുവാഭരണപ്പെട്ടികൾ ശിരസ്സിലേറ്റി പതിനെട്ടാംപടി ഇറങ്ങും. തുടർന്ന് രാജപ്രതിനിധിയുടെ ദർശനം. അയ്യപ്പ വിഗ്രഹത്തിൽ മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ ധ്യാനത്തിലാക്കി നട അടയ്ക്കും. ശ്രീകോവിലിന്റെ താക്കോൽ കൈമാറ്റവും നടക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com