പത്തനംതിട്ട: മണ്ഡലകാല പൂജകൾക്കായി ശബരിമല നട ഇന്നു തുറക്കും. വൈകിട്ട് അഞ്ചിന് നട തുറന്നതിനു ശേഷം പുതിയ ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ അഭിഷേകം നടക്കും. താഴമൺ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവര് ആണ് അഭിഷേകം ചെയ്യുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതൽ പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടും. മുപ്പതിനായിരം പേരാണ് ഇന്ന് ദർശനം ബുക്ക് ചെയ്തിരിക്കുന്നത്. നാളെ വൃശ്ചിക പുലരിയിൽ പുലർച്ചെ മൂന്നിന് നട തുറക്കുന്നത് പുതിയ മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആയിരിക്കും. പ്രളയ കാലത്തിനുശേഷം പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ച ആദ്യ മണ്ഡലകാലം കൂടിയാണിത്
മണ്ഡലകാലത്തിനായി ശബരിമല നട തുറക്കാനിരിക്കെ പമ്പയിലും നിലയ്ക്കലും അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നിലയ്ക്കലിൽ കഴിഞ്ഞ മണ്ഡലകാലത്തേക്കാൾ 3000 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പമ്പയിൽ സ്ഥിരം നടപ്പന്തലുകളുടെയും താൽക്കാലിക പന്തലുകളുടെ നിർമ്മാണം പൂർത്തിയായി.