ശബരിമല: പത്ത് ദിവസം നീണ്ടു നിൽക്കുന്ന പൈങ്കുനി ഉത്ര മഹോത്സവത്തിന് 27ന് കൊടിയേറും. രാവിലെ 9.45നും 10.45 നും മദ്ധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെയും മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് കോടിയേറ്റ് കർമ്മം നടക്കുക. തുടർന്നുള്ള ദിവസങ്ങളിൽ പതിവ് പൂക്കുകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ 31ന് വൈകിട്ട് 5ന് വിളക്കിനെഴുന്നള്ളത്ത് നടക്കും.
ഏപ്രിൽ 4ന് വൈകിട്ട് 5ന് ദീപാരാധന, പടിപൂജ, മുളപൂജ, അത്താഴപൂജ, ശ്രീഭൂതബലി എന്നിവക്കു ശേഷം ശരംകുത്തിയിലേക്ക് എഴുന്നള്ളത്തും തുടർന്ന് പള്ളിവേട്ടയും നടക്കും. 5ന് രാവിലെ പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും ശേഷം രാവിലെ 9ന് പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് ആരംഭിക്കും. പമ്പയിലെ ആറാട്ടുകടവിൽ ആറാട്ടിനു ശേഷം ഉച്ചയോടെ പമ്പാ ഗണപതി കോവിലിൽ ദർശനത്തിനായി എഴുന്നള്ളിച്ച് ഇരുത്തും. ഈ സമയം ഭക്തർക്ക് തിരുമുൻപിൽ പറ വഴിപാട് സമർപ്പിക്കാം. തുടർന്ന് വാദ്യമേളങ്ങളോടെ അകമ്പടിയോടെ സന്നിധാനത്തേക്ക് തിരിച്ച് എഴുന്നള്ളിപ്പ് നടക്കും. എഴുന്നള്ളത്ത് സന്നിധാനത്ത് എത്തിയ ശേഷം കൊടി ഇറക്കും. ഹരിവരാസനം പാടി നട അടയ്ക്കന്നതോടെ പൈങ്കുനി ഉത്രമഹോത്സവത്തിന് പരിസമാപ്തി കുറിക്കും.