ശബരിമലയില്‍ തീര്‍ത്ഥാടന തിരക്ക് തുടരുകയാണ്.പുലർച്ചെ നട തുറന്ന ആദ്യ മണിക്കൂറുകളിലായിരുന്നു കൂടുതൽ ഭക്തർ. വൈകിട്ട് ആറുമണിവരെ അറുപതിനായിരത്തിന് മുകളിൽ ഭക്തർ സന്നിധാനത്ത് എത്തി. സ്‌പോട്ട് ബുക്കിംഗ് ചെയ്ത് വരുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. തുടര്‍ച്ചയായി തത്സമയ ബുക്കിംഗ് എണ്ണം പതിനായിരം കടന്നു. വെര്‍ച്വല്‍ ക്യുവിന് ഒപ്പം പരമാവധി തീര്‍ത്ഥാടകരെ സപോട്ട് ബുക്കിംഗ് വഴിയും ശബരിമലയിലെത്തിക്കാനാണ് നീക്കം.
തിരക്ക് നിയന്ത്രിക്കാനും സുരക്ഷയ്ക്കും നിയോഗിച്ച രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് ചുമതലയേറ്റു. ഡിസംബര്‍ 6 വരെ 12 ദിവസമാണ് പുതിയ ബാച്ചിന് ഡ്യൂട്ടി. എട്ട് ഡി വൈ എസ് പി മാരുടെ കീഴില്‍ 27 സി ഐ, 90 എസ് ഐ, 1250 സി പി ഓ മാരാണ് ഡ്യൂട്ടിക്കുള്ളത്.
അതിനിടെ, ശബരിമല പാതയില്‍ ഭക്തര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഡ്യൂട്ടി മജിസ്‌ട്രേറ്റിനും ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. ഓര്‍ക്കിഡ് പുഷ്പാലങ്കാരം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.