കൊച്ചി: ഇടതുപക്ഷത്തിന് നേരെ വിമർശനം ഉന്നയിച്ച് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദൻ. തുടര്‍ച്ചയായി രണ്ടു തവണ അധികാരം ലഭിക്കുമ്പോൾ പാർട്ടിക്ക് ഏകാധിപത്യ സ്വഭാവം വരും. മൂന്നാം തവണയും അധികാരത്തിൽ വന്നാൽ ഇടതുപക്ഷം തകരുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. ബംഗാളിൽ അത് കണ്ടതാണെന്നും അദ്ദേഹം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘വീണ്ടും അധികാരത്തിലെത്തുന്നത് കേരളത്തിൽ പാർട്ടിയെ നശിപ്പിക്കും. ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മുന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. അടുത്ത തവണ ഭരണത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കണമെന്ന് ഞാൻ എന്റെ സഖാക്കളോട് പറയാറുണ്ട്. മൂന്ന് തവണ ഒരു പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സ്വാഭാവികമായും ഏകാധിപത്യ സ്വഭാവം കൈവരും,’ സച്ചിദാനന്ദൻ പറഞ്ഞു.
കേരളത്തിലെ പൊലീസ് സംവിധാനത്തോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസിലെ ആർഎസ്എസ് വിഭാഗക്കാരാണ് ഇതിന് പിന്നില്ലെന്ന പാർട്ടി വാദം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിത്വ ആരാധന നടത്തുന്നതിൽ കേന്ദ്രത്തിലും സംസ്ഥാനത്തും നേതാക്കളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വിഗ്രഹാരാധനയുടെ പിന്നിലെ മനഃശാസ്ത്രം മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യം മുമ്പ് കേരളത്തിൽ ഉണ്ടായിട്ടില്ല. ഒരു വിപ്ലവ പാര്‍ട്ടിക്ക് ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഉയര്‍ന്ന് വരാന്‍ സാധിക്കില്ലെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ഇവിടെ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.