ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് രാജസ്ഥാനിലെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്, ബിജെപിയുടെ അഴിമതി ചോദ്യംചെയ്യുന്നത് എങ്ങനെ പാർട്ടി വിരുദ്ധമാകുമെന്നും സച്ചിൻ ചോദിച്ചു.
ബിജെപിക്കെതിരേ നിരാഹാര സമരം സംഘടിപ്പിച്ചതിന് നേതൃത്വം വിശദീകരണം തേടിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സച്ചിൻ പറഞ്ഞു. ഈ മാസം 11ന് ജയ്പൂരിലെ രക്തസാക്ഷി സ്മാരകത്തിലാണ് (ഷഹീദ് സ്ഥാൻ) സച്ചിൻ ഏകദിന നിരാഹാരം നടത്തിയത്.
മഹാത്മാ ഗാന്ധിയുടെ ചിത്രം പശ്ചാത്തലമാക്കിയ നിരാഹാര വേദിയിൽ കോൺഗ്രസിന്റെ പാർട്ടി ചിഹ്നമായ കൈപ്പത്തിയോ മറ്റു സൂചകങ്ങളോ ഇല്ലായിരുന്നു. ബിജെപി ഭരിച്ചപ്പോൾ രാജസ്ഥാനിൽ നടത്തിയ അഴിമതികളെക്കുറിച്ച് ഗെഫ്ലോട്ട് സർക്കാർ അന്വേഷണം നടത്തുന്നില്ല എന്നാരോപിച്ചായിരുന്നു സച്ചിന്റെ നിരാഹാരം.